തൃശൂര്‍: പൂരം വെടിക്കെട്ടിന് അനുമതി. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കലക്ടര്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ അറിയിച്ചു. വെടിക്കെട്ടിന് എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ അനുമതി വൈകിയത് പൂരപ്രേമികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റവന്യൂ, എക്‌സ്‌പ്ലോസീവ് വിഭാഗമാണ് അനുമതി നല്‍കേണ്ടത്. ഇന്ന് വൈകീട്ടും, നാളെ പുലര്‍ച്ചെയുമായാണ് വെടിക്കെട്ട്.
കഴിഞ്ഞ ദിവസം പൂരത്തിനോടനുബന്ധിച്ചുളള വെടിക്കെട്ടിനായി ശേഖരിച്ച വെടിമരുന്നില്‍ നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയയിരുന്നു. വെടിക്കെട്ട് ആഘോഷത്തിനായി തിരുവമ്പാടി വിഭാഗം ശേഖരിച്ച വെടിമരുന്നിലാണ് നിരോധിത രാസവസ്തു കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. കുഴിമിന്നിയുടെ സാമ്പിളിലാണ് പൊട്ടാസ്യം ക്ലോറെറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നത്.തുടര്‍ന്ന് ഇത് പിടിച്ചെടുത്ത ജില്ലാ റവന്യൂ വിഭാഗം , നിരോധിത രാസവസ്തു അടങ്ങിയ സ്‌റ്റോക്ക് വെടിക്കെട്ടില്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം സാമ്പിള്‍ വെടിക്കെട്ട് നടത്താന്‍ അധികൃതര്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗത്തിന് അനുമതി നല്‍കി. കുഴിമിന്നി ഒഴിച്ചുളള മറ്റു വെടിമരുന്നുകളില്‍ നിന്നും നിരോധിത രാസവസ്തുക്കള്‍ കണ്ടെത്താത്ത പശ്ചാത്തലത്തിലാണ് ഇവയുടെ ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപകട സാധ്യത കൂടിയ രാസവസ്തു ആയതിനാല്‍ പൊട്ടാസ്യം ക്ലോറെറ്റിനെ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിരോധിച്ചിട്ടുണ്ട്. 110 പേരുടെ ജീവന്‍ നഷ്ടപ്പെട്ട പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ വെടിമരുന്നില്‍ പൊട്ടാസ്യം ക്ലോറെറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.