കേംബ്രിഡ്ജ്: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേര്‍ക്ക് ആക്രമണം നടക്കുകയാണെന്നും രാഹുല്‍ ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചു.
”എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.” ‘ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിന്റെ വിഡിയോ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
വലിയ സമ്മര്‍ദ്ദമാണ് പ്രതിപക്ഷ നേതാക്കള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടേണ്ടാത്ത കേസുകളില്‍പ്പോലും തന്റെ നേരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ജുഡീഷ്യറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേല്‍ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേര്‍ക്ക് ആക്രമണം നടക്കുകയാണ്- രാഹുല്‍ പറഞ്ഞു.