Monday, September 30, 2024
HomeNewsKeralaപെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം; ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്,വിശദീകരണം നല്‍കി കലക്ടര്‍

പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം; ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്,വിശദീകരണം നല്‍കി കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെയും പെരിന്തല്‍മണ്ണ സബ്ട്രഷറിയിലെയും ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അതിനിടെ സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദീകരണം നല്‍കി.

കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറില്‍നിന്നു സ്പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 22 കിലോമീറ്റര്‍ അകലെയുള്ള മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍നിന്നു കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍വോട്ടടങ്ങിയ 2 ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.

കോവിഡ് രോഗികള്‍ക്കും പ്രായമായവര്‍ക്കും വീട്ടില്‍വച്ചു തന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. പോളിങ് ഓഫിസര്‍മാര്‍ വീട്ടില്‍ വന്നു ശേഖരിച്ച ഇത്തരം വോട്ടുകളാണ് സ്പെഷല്‍ തപാല്‍ വോട്ടുകള്‍.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിനാണ് പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി മുഹമ്മദ് മുസ്തഫ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരില്‍ അസാധുവായി പ്രഖ്യാപിച്ച 348 സ്പെഷല്‍ ബാലറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തര്‍ക്കമുള്ള സ്പെഷല്‍ ബാലറ്റും രേഖകളും ഹൈക്കോടതിയില്‍ എത്തിക്കണമെന്നു നിര്‍ദേശവും ലഭിച്ചു.

ഇതിനായി വിവിധ പാര്‍ട്ടി പ്രതിനിധികളെയടക്കം വിളിച്ചുവരുത്തി കഴിഞ്ഞദിവസം രാവിലെ 7.15ന് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറില്‍ പരിശോധിച്ചപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്നു ബോധ്യമായത്. തെരച്ചിലിനിടെ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രേഖകളടങ്ങുന്ന മറ്റൊരു പെട്ടി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അന്നത്തെ ബ്ലോക്ക് റിട്ടേണിങ് ഓഫിസര്‍ കൂടിയായ മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസില്‍ ഒരു പെട്ടിയുള്ളതായി വിവരം ലഭിച്ചത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടറോട് വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് ആറു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments