കലിഫോര്‍ണിയ: സ്മാര്‍ട്ട് ഫോണിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ അമേരിക്കന്‍ കമ്പനി ആപ്പിളിനു ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു. ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിൾ നൽകിയ കേസിലാണ് വിധി.
2011 മുതൽ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ് ആപ്പിള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം സാംസങ്ങ് നിഷേധിച്ചു. എന്നാൽ ആപ്പിളിന്റെ രണ്ട് പേറ്റന്റുകൾ സാംസങ്ങ് ലംഘിച്ചതായി കോടതി കണ്ടെത്തി. സാന്‍ജോസിലെ നോർത്തൺ കലിഫോർണിയ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2012ല്‍ കീഴ് ക്കോടതി 6825 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിൽ 2015ൽ 2730 കോടി രൂപയായി നഷ്ടപരിഹാര തുക കുറച്ചിരുന്നു. എന്നാൽ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന കുതിച്ചതോടെ കൂടുതൽ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു ആപ്പിൾ വീണ്ടും കോടതി കയറുകയായിരുന്നു.