കൊച്ചി: ഡോക്ടര്‍മാര്‍ക്കു നേരെ അക്രമം ആവര്‍ത്തിക്കുമ്പോഴും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആവണമെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക സിറ്റിങ്ങിനിടെയാണ് കോടതിയുടെ പരാമര്‍ശം.
രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവമാണ് ഇതെന്ന് കോടതി പറഞ്ഞു. യുവ ഡോക്ടറുടെ മുന്നിലേക്ക് അക്രമാസക്തനായ ഒരാളെ തുറന്നുവിടുകയാണോ ചെയ്തത്? പൊലീസ് എന്തുകൊണ്ടു പുറത്തുനിന്നു? പൊലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ സംരക്ഷിക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് പൊലീസുകാര്‍. എന്നാല്‍ ഇവിടെ പൊലീസ് പരാജയപ്പെട്ടു. സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമാണിത്. എയ്ഡ് പോസ്റ്റ് ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. പെരുമാറ്റം സാധാരണ പോലെയല്ലെങ്കില്‍ അയാളെ അടക്കി നിര്‍ത്തണമായിരുന്നു. കാര്യങ്ങളെ മുന്‍കൂട്ടി കാണന്‍ കഴിയണം. അല്ലെങ്കില്‍പ്പിന്നെ പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ നടപടി വേണമെന്ന് പലവട്ടം കോടതി നിര്‍ദേശിച്ചതാണെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. ഇതാണ് ഞങ്ങള്‍ ഭയന്നിരുന്നത്. ഇന്നത്തെ സംഭവം ഡോക്ടര്‍മാരിലും ചികിത്സാ രംഗത്താകെയും ഭീതി ഉണ്ടാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ കോടതി വൈകാരികമായി പ്രതികരിച്ചുപോവും. അക്രമങ്ങള്‍ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങള്‍? സുരക്ഷ എങ്ങനെ ഒരുക്കണമെന്ന് കോടതി പറഞ്ഞുതരണമോയെന്നും ബെഞ്ച് ചോദിച്ചു.