Pravasimalayaly

പൊലീസിന് എസ്ഡിപിഐ പ്രവർത്തകരെ ഭയമാണോ?; രൂക്ഷ വിമർശനവുമായി സൈമൺ ബ്രിട്ടോ

കൊച്ചി: എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഇടതുസഹയാത്രികൻ സൈമൺ ബ്രിട്ടോ. കേസ് അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവർത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സർക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലപാതകികളെ പിടൂകൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികൾ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാൻ സാധിക്കുമായിരുന്നുവെന്ന് സൈമൺ ബ്രിട്ടോ പറഞ്ഞു.

ആധുനിക സംവിധാനങ്ങൾ നിലവിലുള്ള കൊച്ചി പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പിഴവ് സംഭവിച്ചു. പ്രതികളെ സഹായിച്ചവരും അവരെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളെ ഇപ്പോഴും പിടിക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version