Pravasimalayaly

പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; ഗുരുതര വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കും സസ്പെന്‍ഷന്‍

കോട്ടയം:പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്.ഐക്കും എ എസ്.ഐക്കും സസ്പെന്‍ഷന്‍. ഗാന്ധി നഗര്‍ എസ് ഐ എംഎസ് ഷിബുവിനും എ എസ്‌ഐക്കുമാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

ഇതുസംബന്ധിച്ച് ഡിവൈഎസ്പി കോട്ടയം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നടപടിയെടുത്തത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്ന് ഡിവൈഎസ് പി കണ്ടെത്തി. പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശനിയാഴ്ചയാണ് കുമാരമംഗലം സ്വദേശിയായ കെവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയത്. കോട്ടയം മാന്നാനത്ത് നിന്നാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. വധുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസന് ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എസ് ഐ തയ്യാറായില്ല .12 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെ കൊല്ലം തെന്മലക്ക് 20 കിലോമീറ്റര്‍ അടുത്തായി പൂനലൂരിലെ ചാലിയക്കര തോട്ടത്തിലായി കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഇടമണ്‍ സ്വദേശിയായ ഇഷാനാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറവിന്റെ പാടുകള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം- തെന്മല പൊലീസ് സംഘത്തിന്റെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് ഗാന്ധി നഗര്‍ എസ് ഐ എത്തിയാണ് മൃതദേഹം കെവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കുത്തിയിരുന്നതോടെയാണ് സംഭവം വിവാദമായത്. നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലന്നും പരാതി ഉണ്ടായിരുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version