Pravasimalayaly

‘പ്രണയ ബോധവത്ക്കരണം; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി:വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.ഇതിനിടെ, സംഭവത്തില്‍ വിശദീകരണമായി ഇടുക്കി രൂപത രംഗത്തെത്തി. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദര്‍ശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി സിപിഎം കുറ്റപ്പെടുത്തി. പ്രതിഷേധങ്ങള്‍ക്കിടെയും കഴിഞ്ഞ ദിവസം രാത്രി എട്ടിന് ദൂരദര്‍ശനില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു.

Exit mobile version