Pravasimalayaly

പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഉന്നത റാങ്കുകാര്‍

തിരുവനന്തപുരം: സഹപാഠിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഇവരൊക്കെ പോലീസുകാരായാലുള്ള അവസ്ഥ എന്തായിരിക്കും. വര്‍ഷങ്ങളോളം കൂടെയിരുന്നു പഠിച്ചവനു നേരെ കഠാര കുത്തിയിറക്കിയ ഇവര്‍ക്കു നല്ല നിയമപാലകരാകാന്‍ കഴിയുമോ. ഈ ചോദ്യം ഉന്നയിക്കുന്നത് യൂണിവേഴ്സിറ്റി കോളജിലെ തന്നെ വിദ്യാര്‍ഥികള്‍. മൂന്നാംവര്‍ഷ രാഷ്ട്രമീമാംസാ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും യൂണിറ്റ് സെക്രട്ടറിഎ.എന്‍ നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്. 2018ല്‍ നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയില്‍ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. 2018 ജൂലൈ 22-ന് നടന്ന എഴുത്തു പരീക്ഷയുടേയും 2019 ഏപ്രില്‍ മേയ്, മാസങ്ങളില്‍ നടത്തിയ ശാരീരിക ക്ഷമത പരീക്ഷയുടേയും അടിസ്ഥാനത്തിലാണ്് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. എഴുത്തു പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചതിന് 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതിയും ട്രാഫി പോലീസുകാരനെ ക്രൂരമായ മര്‍ദിച്ച കേസിലെ പ്രതിയുമായ എഎന്‍ നസീം 65.33 മാര്‍ക്കോടെയാണ് 28-ാം റാങ്ക് സ്വന്തമാക്കിയത്.

Exit mobile version