Pravasimalayaly

പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല, ലഫ്‌റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല; അമ്മ’ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അമ്മക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് വനിതാ കമ്മീഷന്‍.

മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ലഫ്‌റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ നാല് പേരും രാജിയുടെ കാരണവും വിശദീകരിച്ചിട്ടുണ്ട്.

Exit mobile version