Pravasimalayaly

പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ബ്രിട്ടൻ : കോവിഡ് മരണ നിരക്ക് കുറഞ്ഞു : കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

ലണ്ടനിൽ നിന്ന് സ്പെഷ്യൽ റിപ്പോർട്ടർ രാജു ജോർജ്

കൊറോണ വൈറസിന്റെ സംഹാര താണ്ഡവത്തിൽ നിന്നും പ്രതീക്ഷയുടെ പച്ചപ്പിലേയ്ക്ക് ബ്രിട്ടൻ അടുത്തുതുടങ്ങി. ദിവസേന രണ്ടായിരത്തിനടുത്ത് വരെ കോവിഡ് മരണം രേഖപ്പെടുത്തിയ ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 121 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. 1225 പേർക്ക് മാത്രമാണ് രോഗബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. മരണ നിരക്കിലും രോഗവ്യാപന നിരക്കിലും വൻ തോതിലുള്ള കുറവ് പ്രകടമായതോടെ കൂടുതൽ ഇളവുകൾ പ്രധാന മന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

ജൂൺ 1 മുതൽ ഔട്ഡോർ മാർക്കെറ്റുകളും കാർ ഷോറൂമുകളും തുറക്കും. വിദ്യാലയങ്ങൾ ഇതേ ദിവസം തന്നെ തുറക്കുവാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മേഖലകളിലെ തൊഴിൽ രംഗത്ത് ഉണർവുണ്ടാകും. നോൺ എസ്സെൻഷ്യൽ സാധനങ്ങൾ വിൽക്കുന്ന ചെറുകിട മേഖലയെയും ഇളവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യ അകലം പാലിയ്ക്കുവാനും മാസ്ക് ധരിയ്ക്കുവാനും ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ആരാധനാലയങ്ങളും സിനിമ തിയേറ്ററുകളും ലൈബ്രറികളും പബ്ബ്കളും അടഞ്ഞുതന്നെ കിടക്കും. 261000 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ കോവിഡ് സ്‌ഥിരീകരിച്ചിരിയ്ക്കുന്നത്. 36914 പേരാണ് ഇതുവരെ ബ്രിട്ടനിൽ കോവിഡിന് കീഴടങ്ങിയത്.

Exit mobile version