Pravasimalayaly

പ്രമുഖ ഏഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

പ്രമുഖ ഏഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു തൃശൂർ ചെമ്പൂക്കാവിലെ വസതിയിലായിരുന്നു അന്ത്യം. നാളെ വൈകിട്ട് 4:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കാരം നടക്കും.

1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് പി ചിത്രൻ നമ്പൂതിരി ജനിച്ചത്. തന്റെ പതിനാലാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്‌സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി കേരള സർക്കാരിനു കൈമാറി.

കേരളത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്ത് പി ചിത്രൻ നമ്പൂതിരിപ്പാട് അതിന്റെ ഭാഗമാകുകയും സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യ സെക്രട്ടറിയാകുകയും ചെയ്തിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായാണ് 1979ൽ വിരമിച്ചത്. മുപ്പതിലധികം തവണ ഹിമാലയൻ യാത്ര നടത്തുകയും ‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണ ഗ്രന്ഥമെഴുതുകയും ചെയ്തു.

സ്മരണകളിലെ പൂമുഖം എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 വി.കെ. നാരായണ ഭട്ടതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Exit mobile version