പ്രളയ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷം വേണ്ടി വരുമെന്നു മുഖ്യമന്ത്രി

0
26

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രളയ പുനര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നു തലത്തിലുള്ള ഇടപെടലിലൂടെ മാത്രമേ പ്രളയ ദുരന്തത്തെ മറികടക്കാനാകൂ. മൂന്ന് ഘട്ടങ്ങളായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ടു തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചിലവഴിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മാണത്തിനായി രൂപീകരിച്ച ആര്‍ബിഐയുടെ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) ചിഹ്നം ഒച്ചിന്റേതാക്കമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയ പുനര്‍നിര്‍മാണ വിലയിരുത്തലില്‍ ഒരു തരത്തിലുള്ള പാളിച്ചയും ഉണ്ടായിട്ടില്ല. അപ്പീല്‍ നല്‍കാനുള്ള സമയപരിധി ജൂലൈ 30 വരെ ദൂര്‍ഘിപ്പിച്ചിട്ടുണ്ട്. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയേയും തകര്‍ന്ന വീടുകളുടെ നഷ്ടം രേഖപ്പെടുത്താന്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. പ്രളയത്തില്‍ സംസ്ഥാനത്തിന് 31,000 കോടിയോളമാണ് നഷ്ടമുണ്ടായത്. പാരിസ്ഥിതികമായ ആഘാതം കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിലേറെ കൂടുകയും തലമുറകളോളം നീണ്ടുനില്‍ക്കുകയും ചെയ്യും എന്നാണ് വിലയിരുത്തിയിരുന്നത്. പ്രളയത്തിനു ശേഷം സഹായമായ 10,000 രൂപ ഇതിനകം 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു്. പൂര്‍ണമായി തകര്‍ന്ന 15,324 വീടുകളില്‍ 5422 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്ക് സഹായം നല്‍കി. വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന കേസുകളില്‍ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 ഉം തീര്‍പ്പാക്കി. ഭാഗികമായി തകര്‍ന്ന 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കി. അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. 3,54,810 കര്‍ഷകര്‍ക്കായി 1,651 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ഇതിനു പുറമെ 2,38,376 കര്‍ഷകര്‍ക്ക് ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള സഹായവും നല്‍കി. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ 1,52,350 കുടുംബങ്ങള്‍ക്ക് 51 കോടി രൂപ വിതരണം ചെയ്തു. നെല്ലും പച്ചക്കറിയും വിത്തുകളും പുതുതായി കൃഷിയിറക്കാനായി സര്‍ക്കാര്‍ നല്‍കി. ദുരിതാശ്വാസനിധിയിലേയും ആര്‍കെഐയ്ക്ക് ലഭിക്കുന്ന ലോക ബാങ്ക് വായ്പയും വിനിയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണം. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനനിര്‍മ്മാണ പദ്ധതി, പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഉദ്യോഗസ്ഥരെ ഏല്‍പിച്ചതാണു പരാജയ കാരണമെന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശന്‍ ആരോപിച്ചു. ലോകം മുഴുവന്‍ അഭിനന്ദിച്ചതു സര്‍ക്കാരിനെയല്ല, പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ജനങ്ങളെയാണെന്നു വോക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply