പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജം

0
23

തിരുവനന്തപുരം: വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലായിരിക്കും കൂടുതൽപേർ എത്തുക. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തോടും വിദേശമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഓരോ വിമാനത്താവളത്തിലും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പൊലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാവും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മേല്‍നോട്ട സമിതിയുണ്ടാവും. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കും. നിരീക്ഷണത്തില്‍ തുടരുന്നവര്‍ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ആരോഗ്യ സ്ഥിതി വ്യക്തമാക്കണം. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply