Pravasimalayaly

പ്രവാസികൾക്കളോടുള്ള കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധം : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉപവാസം ആരംഭിച്ചു

തിരുവനന്തപുരം

പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധം; രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു.

പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസം.

ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം പ്രവാസി മടക്കം തടയാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഉപവാസ സമരം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മന്ത്രിസഭ നിർബന്ധമാക്കുന്നത്. നിബന്ധനക്കെതിരെ ഉയർന്ന പ്രതിഷേധം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. വന്ദേഭാരത് ദൗത്യമുൾപ്പെടെ എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇതിനായി പിസിആർ പരിശോധനയക്ക് പകരം ട്രൂ നെറ്റ് പരിശോധന നടത്തിയാൽ മതിയാകും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നെറ്റിന് 1000 രൂപയാണ് ചെലവ്.

ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കേന്ദ്രസർക്കാർ പരിശോധന നടത്തിയില്ലെങ്കിൽ വിമാനം ഏർപ്പാടാക്കുന്ന സംഘടനകൾ ട്രൂ നെറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചു. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തിൽ വരുകയാണെങ്കിൽ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.

Exit mobile version