തിരുവനന്തപുരം
കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമനിധിയില്‍ അംഗങ്ങളായ കൊവിഡ് 19 പോസിറ്റീവായ എല്ലാവര്‍ക്കും 15000 രൂപ വീതം അടിയന്തരസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്നാണ് ഇത് ലഭ്യമാക്കുക.
2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും.
സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു