Pravasimalayaly

പ്രിയതമന്റെ വേര്‍പാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് നീനു; ചേര്‍ത്തുപിടിച്ച് കെവിന്റെ അച്ഛന്‍ ജോസഫ്; മകനെ നഷ്ടപ്പെട്ട അമ്മയുടെ കരച്ചില്‍ നാട്ടുകാരുടെ നെഞ്ചുലച്ചു; കെവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ ആയിരങ്ങള്‍ കണ്ടത് വികാരനിര്‍ഭയ കാഴ്ചകള്‍

കോട്ടയം: പ്രണയത്തെ ചൊല്ലി ദുരഭിമാനക്കൊലക്കിരയായ കെവിന്‍.പി.ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി. കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഗുഡ്ഷേപ്പേഡ് പള്ളിയിലായിരുന്നു സംസ്‌കാരം.അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വന്‍പൊലീസ് സംഘം സ്ഥലത്ത് സുരക്ഷ ഒരുക്കിയിരുന്നു.

കെവിന്റെ വീട്ടില്‍ മൃതദേഹമെത്തിച്ചപ്പോള്‍ ഭാര്യ നീനുവുമുണ്ടായിരുന്നു. അലമുറയിട്ട് വീണ നീനുവിനെ പിടിച്ചുമാറ്റാന്‍ അച്ഛന്‍ ഏറെ പണിപ്പെട്ടു. കെവിന്റെ അമ്മയും സഹോദരിയും ദുഃഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. ഹര്‍ത്താലായിട്ടും ദൂരെ സ്ഥലത്തുനിന്നുപോലും ആളുകളെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് ശേഷമാണ് മൃതദേഹം വീട്ടില്‍ കൊണ്ടു വന്നത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുറത്തെത്തിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്മോര്‍ട്ടം എന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുപിന്നാലെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. പൊതുദര്‍ശനത്തിനു ശേഷമായിരുന്നു സംസ്‌കാരം.

Exit mobile version