കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ നിര്‍ണായക കണ്ണി പിടിയിലായ ഫര്‍ഹാനയെന്നു സൂചന. ഫര്‍ഹാനയെ സിദ്ദിഖിന് നേരത്ത അറിയാമായിരുന്നെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
ഹോട്ടലില്‍ ജോലി ചെയ്ത ഷിബിലിയെ പരിചയപ്പെടും മുമ്പുതന്നെ സിദ്ദിഖിന് ഫര്‍ഹാനയെ അറിയാമായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ഫര്‍ഹാനയുടെ ഇടപെടലിലൂടെയാണ് ഷിബിലിയെ ഹോട്ടലില്‍ നിയമിച്ചതെന്നും അറിയുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ കുരുക്കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ആഷിക്കിനെ ഫര്‍ഹാനയാണ് ലോഡ്ജിലേക്കു വളിച്ചു വരുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇത് കൊലപാതകത്തിനു ശേഷമാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചത് ആഷിക്കിന്റെ നേതൃത്വത്തില്‍ ആയിരുന്നെന്നാണ് കരുതുന്നത്.
ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കൊലപാതകം നടന്ന സമയം, കാരണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ അട്ടപ്പാടി ചുരംവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നാന്നാണ് ഇന്നലെ മലപ്പുറം എസ് പിപറഞ്ഞത്. ഹണിട്രാപ്പ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.