Pravasimalayaly

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു,വിടവാങ്ങുന്നത് കാല്‍പ്പന്തുകളിയുടെ ദൈവം

സാവോപോളോ: ഫുട്ബോള്‍ ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചിതിസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങളും താരത്തെ അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്. നൂറ്റാണ്ടിന്റെ താരമായി ഫിഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. 1961 ല്‍ ബ്രസീല്‍ പെലെയെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. 1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെയുടെ ജനനം. എഡ്സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്നാണ് മുഴുവന്‍ പേര്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ. സെലെസ്റ്റേ അരാന്റസ് ആണ് അമ്മ.

1956ല്‍ 15-ാം വയസില്‍ ബ്രസീലിന്റെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബ് സാന്റോസിലൂടെയാണ് പെലെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. പതിനാറാം വയസ്സില്‍ ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറി. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്ക്കെതിരെയായിരുന്നു മത്സരം. 16 വര്‍ഷവും ഒമ്പത് മാസവുമായിരുന്നു പ്രായം. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958ല്‍ പെലെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി പെലെ വരവറിയിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് ബ്രസീല്‍ കിരീടവും നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.

ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. നാലു ലോകകപ്പുകളിലാണ് പെലെ ബ്രസീലിനായി കളിച്ചത്. 1958, 1962, 1966, 1970 ലോകകപ്പുകളില്‍. 1962 ലും പെലെയുടെ ബ്രസീല്‍ കിരീടം നേടി.  1970 ലോകകപ്പില്‍ പെലെ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

അന്താരാഷ്ട്ര കരിയറില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടി.  1977 ഒക്ടോബര്‍ ഒന്നിന് ഫുട്ബോളില്‍ നിന്നും വിരമിച്ചു. ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള കളിയായിരുന്നു  പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരം. ഫിഫ പ്ലെയര്‍ ഓഫ് ദ സെഞ്ചുറി, ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004, ഐഒസി അത്ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്ബോളര്‍ തുടങ്ങിയ ബഹുമതികളും പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.

Exit mobile version