Pravasimalayaly

ഫോക്‌ലോർ അക്കാദമി അവാർഡ് ആദർശ് ചിറ്റാറിന്

2017 ലെ ഫോക്‌ലോർ അക്കാദമി അവാർഡ് പ്രശസ്ത നാടൻപാട്ട് കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ ആദർശ് ചിറ്റാറിന്. വേദിയെ പ്രകമ്പനം കൊള്ളിയ്ക്കുന്ന ശബ്ദസൗകുമാര്യത്തിന് ഇനി ഫോക്‌ലോർ അക്കാഡമി അവാർഡിന്റെ തിളക്കം കൂടി. പ്രളയവും നിപയും വന്നതിനെ തുടർന്നാണ് അക്കാഡമി അവാർഡ് പ്രഖ്യാപനത്തിന് കാലതാമസം നേരിട്ടത്.

പി എസ് ബാനർജി നേതൃത്വം നൽകുന്ന കനൽ പാട്ടുകൂട്ടത്തിലെ ഗായകനാണിപ്പോൾ ആദർശ്. നാടൻപാട്ടിന്റെ കുലപതി സി ജെ കുട്ടപ്പൻ സാറിന്റെ പ്രിയ ശിഷ്യനായ ആദർശ് അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങി അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റുപാടിയാണ് നാടൻപാട്ട് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

ജന്മസിദ്ധമായി ലഭിച്ച കഴിവും അർപ്പണബോധവുമാണ് ഈ കലാകാരന് കലാരംഗത്ത് സ്വന്തമായൊരു സ്‌ഥാനം നൽകിയത്. ബാല്യത്തിൽ അച്ഛന്റെ അമ്മയിൽ നിന്നും കേട്ട് പഠിച്ച പാട്ടും നാട്ടിൻപുറത്തെ ഓണക്കളികളും ഓണപ്പാട്ടുകളുമൊക്കെയാണ് കലാരംഗത്തേയ്ക്കുള്ള ആദ്യ ചവിട്ടുപടി. 2004-05 കാലഘട്ടത്തിലാണ് പാട്ടുകാരനെന്ന നിലയിലുള്ള അരങ്ങേറ്റം. പത്തനംതിട്ട കേന്ദ്രീകരിച്ച് വായ്മൊഴി ഫോക്‌ലോർ സ്റ്റഡി സെന്റർ എന്ന നാടൻപാട്ട് കൂട്ടായ്മ രൂപീകരിച്ചു. അതിന് ശേഷം നാടൻപാട്ട് രംഗത്ത് കൂടുതൽ സജീവമായി.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പഠന കാലത്ത് കൂടുതൽ സ്റ്റേജ് പരിപാടികളും ടി വി ഷോകളും ചെയ്തു. 2008-’09 ൽ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച വോളന്റിയറിനുള്ള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കി. ഏറ്റവും കൂടുതൽ രക്തദാനം നിർവഹിച്ചതിന് 2008 ൽ സംസ്‌ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന കാലത്തും നാഷണൽ സർവീസ് സ്‌കീമിന്റെ പുരസ്‌കാരം ആദർശിനെ തേടിയെത്തി.

ഒരു സിനിമയിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ഏകപാത്ര കഥാപാത്രങ്ങൾ ചെയ്യുകയും ചെയ്യുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ അഡ്മിഷൻ ലഭിച്ചുവെങ്കിലും പഠനം പൂർത്തിയാക്കാനായില്ല.

ജന്മനാടിന്റെ ആദരവ്

ഭരണഘടന വജ്രജൂബിലി ആഘോഷ വേളയിൽ നാടൻപാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് നേടി. ഇതിലൂടെ ഇരുനൂറ്റി അൻപതോളം കുട്ടികളെ സൗജന്യമായി നാടൻപാട്ട് പഠിപ്പിക്കുകയും ചെയ്യുന്നു. കേരള യൂണിവേഴ്സിറ്റി, എം ജി യൂണിവേഴ്സിറ്റി, നാഷണൽ സർവീസ് സ്കീം, പോലീസ് കേഡറ്റ് ക്യാമ്പുകൾ, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകളിൽ നാടന്പാട്ടുകളെ കുറിച്ചും നാടൻ കലകളെ കുറിച്ചും ക്ലാസുകൾ എടുക്കുന്നുണ്ട്. പാട്ടുകളിലൂടെയും പറച്ചിലുകളിലൂടെയും കുട്ടികൾക്ക് വ്യക്തിത്വ വികസനവും മോട്ടിവേഷൻ ക്ലാസുകളും നൽകുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് ആദർശ്.

കലാകാരനെന്നതിനോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ് ആദർശ്. പ്രളയം, കോവിഡ് 19 ലോക്ക്ഡൗൺ എന്നീ സമയങ്ങളിൽ നിർധാരരായവർക്ക് അവശ്യ സഹായങ്ങൾ നൽകുകയും ഓൺലൈൻ ലൈവ് പ്രോഗ്രാമുകൾ വഴി ലഭിച്ച പണം സ്വരൂപിച്ച് ടി വി ചലഞ്ചിലൂടെ കുട്ടികൾക്ക് പഠന സഹായം നൽകുകയും ചെയ്തത് അവയിൽ ചിലത് മാത്രമാണ്.

കഠിനാദ്ധ്വാനവും അർപ്പണ ബോധവും കൊണ്ട് കലാ സാമൂഹ്യ രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായ ആദർശ് ചിറ്റാർ ലോകത്തിന്റെ പല ഭാഗങ്ങളിലായി അനേകം വേദികൾ പിന്നിട്ടുകഴിഞ്ഞു. കേരളത്തിന്റെ തനത് സംസ്ക്കാരം വിളിച്ചോതുകയും പഴമയുടെ പെരുമയിലൂടെ ചരിത്രത്തെ അടയാളപ്പെടുന്ന നാടൻ പാട്ടിനും നാടൻ കലകൾക്കും ലഭിച്ച മികച്ച കലാകാരിൽ ഒരാളായ ആദർശ് അധ്യാപനത്തിലൂടെയും സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും കലാകാരന്റെ സാമൂഹ്യ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നു. പ്രവാസി മലയാളി വാർത്ത ടീമിന്റെ അഭിനന്ദനങ്ങൾ

Exit mobile version