ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാർത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥിയാണ് കാമ്പസിൽ വെടിയുതിർത്തത്. ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി.20കാരനായ വിദ്യാർത്ഥി തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തി വെടിയുതിർത്തത്. ഒരു യുവാവ് കാമ്പസിലെ പുൽത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു.പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.നാൽപതിനായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ഇന്നത്തെ ക്ലാസുകൾ പൂർണമായി നിർത്തിവെയ്ക്കുകയും വിദ്യാർത്ഥികളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.