ഫ്ളോറിഡ: യുഎസിൽ കനത്ത നാശം വിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. ഫ്ളോറിഡയില് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.
കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല. ഫ്ലോറിഡയിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവ രണ്ടും വാഹനാപകടങ്ങളെ തുർന്നാണെന്ന് പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ തെക്കുകിഴക്കൻ ജോർജിയയിൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകി.
മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ജോർജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്. നിവലിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാൽ കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. ഫ്ലോറിഡയിലും ജോർജിയയിലുമായി നാല് ലക്ഷത്തോളം ആളുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ്. ഇഡാലിയ ഫ്ലോറിഡയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും.