Pravasimalayaly

ബംഗ്ലാദേശും, നേപ്പാളും ഇന്ത്യയേക്കാൾ സാമ്പത്തിക വളർച്ച കൈവരിക്കും: കേന്ദ്ര സർക്കാർ വാദത്തെ പൊളിച്ച് ലോകബാങ്ക്

വാഷിംഗ്‌ടൺ: 2019ൽ നേപ്പാളും ബംഗ്ളാദേശും ഇന്ത്യയേക്കാൾ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രവചിച്ച് ലോകബാങ്ക്. ഇന്ത്യയിൽ ആഭ്യന്തര ആവശ്യകത 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമായിരുന്നു. അതേസമയം രാജ്യത്തെ ഉത്പാദന വളർച്ച 2019ന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ 10 ശതമാനത്തിൽ നിന്നും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പശ്ചിമേഷ്യയിൽ ആകമാനം സാമ്പത്തിക വളർച്ചാ നിരക്ക് 5.9 ശതമാനത്തിലേക്ക് താഴുമെന്നും ലോകബാങ്ക് പറയുന്നു. ഏപ്രിൽ 2019ലെ നിഗമനത്തിൽ നിന്നും 1.1 ശതമാനം താഴെയാണിത്.ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന കേന്ദ്ര സർക്കാർ വാദത്തിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വിവരങ്ങൾ.

പല പശ്ചിമേഷ്യൻ രാജ്യങ്ങളും ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറച്ചത് സാമ്പത്തിക മേഖലയ്ക്ക് ഗുരുത ആഘാതമേല്പിച്ചിണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2008ലും 2012ലും ലോകത്താകമാനം സംഭവിച്ച സാമ്പത്തിക തളർച്ചയെയാണ് ഇത് ഓർമപ്പെടുത്തുന്നതെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം വളർച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴുമെന്നും എന്നാൽ 2021ഓടെ ഇത് 6.8 ശതമാനമായി ഉയരുമെന്നും, അതിനടുത്ത വർഷം വളർച്ചാ നിരക്ക് 7.2 ശതമാനമായി മാറുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാനും സാമ്പത്തിക വളർച്ചയിൽ ഇന്ത്യയോടൊപ്പം താഴേക്ക് പോകുകയാണെന്നും ലോകബാങ്ക് പറയുന്നു. നിലവിൽ പാകിസ്ഥാന്റെ ആഭ്യന്തര ഉത്പാദനം വെറും 2.4 ശതമാനം മാത്രമാണ്. ശ്രീലങ്കയുടെയും അഫ്‌ഗാനിസ്ഥാനിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല.

Exit mobile version