തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് എന്തിനാണെന്നും ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തതയുള്ള ഉത്തരവ് എന്തിന് രണ്ടാമിതറക്കിയെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29ന് സര്‍ക്കാരിന് ലഭിച്ചതാണ്. ഇത് അവ്യക്തതകള്‍ നിറഞ്ഞതാണെന്നും ഇത് സുപ്രീം കോടതിയില്‍ പോയാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന്് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മൂന്നരമാസക്കാലം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്.മൂന്നരമാസത്തിനുള്ളില്‍ മാന്വല്‍ സര്‍വേ നടത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാമായിരുന്നു. അപൂര്‍ണമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കേരളത്തിന് വിരുദ്ധമായ ഒരു തീരുമാനമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും സര്‍ക്കാര്‍ ചോദിച്ചു.
2016 മുതല്‍ സര്‍ക്കാരിന്റെ നിലപാട് ഇത് തന്നെയായിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒന്നുകില്‍ സര്‍ക്കാര്‍ ഉറങ്ങുന്നു. അല്ലെങ്കില്‍ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു. ഇത് കേരളത്തിന്റെ മുഴുവന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ബഫര്‍ സോണിന്റെ വിഷയത്തില്‍ സുപ്രീം കോടതി നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. 2.5 ലക്ഷം സെക്ടര്‍ ഭൂമിയെ ബാധിക്കും. ഒരു വീടോ കൃഷിയോ ചെയ്യാനാകാതെ ഇത് സാധാരണക്കാരന്റെ ജീവിതം ദുരന്തമാക്കുമെന്നും സതീശന്‍ പറഞ്ഞു. നിരുത്തരവാദപരമായി പെരുമാറിയ സര്‍ക്കാരിനെ വടിയെടുത്ത് അടിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സംവാദത്തിന് തയ്യാറാണെന്നും ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ സര്‍ക്കാരിനാകില്ലെന്നും സതീശന്‍ പറഞ്ഞു.