Pravasimalayaly

ബാംഗ്ലൂരിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ബാംഗ്ലൂരിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുള്ളയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇത്തരം സര്‍വീസുകള്‍ ആരംഭിക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരമാണ്. നിലവില്‍ കെ.എസ്.ആര്‍.ടി.സി 48 സര്‍വീസുകളാണ് ബാംഗ്ലൂരിലേക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 39 സര്‍വീസുകളും വടക്കന്‍ കേരളത്തില്‍ നിന്നാണ്. രാവിലെ 7 മുതല്‍ 2 വരെയും വൈകിട്ട് 3 മുതല്‍ 30 മിനിട്ട് ഇടവിട്ടുമാണ്. കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് വലിയ തോതിലുള്ള വരുമാനവും നല്‍കുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഉഭയകക്ഷി സമ്മതപ്രകാരം ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനാവില്ല. രണ്ടുമാസത്തിനിടെ അനധികൃതമായി സര്‍വീസ് നടത്തിയ വാഹനങ്ങളെ സ്‌ക്വാഡ് പിടികൂടി 2.75 കോടി രൂപയാണ് പിഴ ഈടാക്കിയതെന്നും മന്ത്രി അറിയിച്ചു.
ബാംഗ്ലൂരിലെ പ്രവാസികളായ മലയാളികളുടെ ആവശ്യപ്രകാരമാണ് ഈ വിഷയത്തില്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതെന്ന് പാറയ്ക്കല്‍ അബ്ദുള്ള പറഞ്ഞു. പഠനം, വ്യവസായം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 12 ലക്ഷത്തോളം മലയാളികളാണ് കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരികെയും യാത്ര ചെയ്യുന്നത. ബസുകള്‍ തീരെ കുറവാണ്. 12 ട്രെയിനുകളാണുള്ളത്. ഇതിലൊന്ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സുവിധയാണ്. ഇതിലാകട്ടെ ടിക്കറ്റ് ലഭിക്കാന്‍ തന്നെ പ്രയാസമാണ്. ടിക്കറ്റ് നിരക്കും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല. 150 ലേറെ സ്വകാര്യ ബസുകള്‍ പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ വലിയ കൊള്ളയാണ് ഇവര്‍ നടത്തുന്നതെന്നും പാറയ്ക്കല്‍ പറഞ്ഞു.

Exit mobile version