ബാറില്‍ മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് ഗ്രാമറിനെച്ചൊല്ലി തര്‍ക്കം, അപരിചിതനായ യുവാവിനെ ഓട്ടോറിക്ഷാഡ്രൈവര്‍ തലയ്ക്കടിച്ചു കൊന്നു

0
35

കാഞ്ഞങ്ങാട്: മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് ഗ്രാമറിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരു പരിചയവുമില്ലാത്തയാളെ തലയ്ക്കടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കണ്ണൂര്‍ ചിറക്കലിലെ ആശിഷ് വില്യത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ്രൈഡവര്‍ ദിനേശനെ(47)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

മുന്‍പരിചയമില്ലാത്ത ഇരുവരും ബുധനാഴ്ച ഉച്ചയ്ക്കുശേഷം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെ കൗണ്ടറില്‍നിന്ന് മദ്യപിക്കുകയും തുടര്‍ന്നു തര്‍ക്കമുണ്ടാവുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ആശിഷ് വില്യം ഇംഗ്ലീഷില്‍ സംസാരിച്ചുതുടങ്ങി. പറയുന്നത് തെറ്റാണെന്നും വ്യാകരണപ്പിശകുണ്ടെന്നും ദിനേശന്‍ പരിഹസിച്ചു. തുടര്‍ന്ന് ബാറില്‍ വച്ചു തന്നെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ബാറില്‍നിന്നിറങ്ങിയ ആശിഷ് വില്യം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെത്തിയപ്പോള്‍ പിന്നാലെയെത്തിയ ദിനേശന്‍ മരപ്പട്ടികയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ആണിയടിച്ച വാരികൊണ്ട് തലയുടെ പിറകുഭാഗത്താണ് അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആശിഷ് വില്യമിന്റെ തല പിളരുകയും പല്ല് അടര്‍ന്നുവീഴുകയും ചെയ്തു.

കര്‍ണാടക സ്വദേശിയാണ് വില്യം. കാലിച്ചാനടുക്കം അട്ടക്കണ്ടത്ത് തോട്ടം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഭാര്യ ഫയല്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് രാത്രി തീവണ്ടിയില്‍ കോഴിക്കോട്ടേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് സംഭവം.

Leave a Reply