ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്ഐയിലും. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാൾക്കെതിരെ നടപടി എടുത്തു.
പരാതി ഉയർന്നതിനു പിന്നാലെ നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടി. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. നിഖിലിന്റെ ജൂനിയറായി പഠിച്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് വിഷയത്തിൽ പരാതി ഉന്നയിച്ചത്.
കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിനു നിഖിൽ തോമസ് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖിൽ എംഎസ്എം കോളജിൽ ബികോം പഠിച്ചത്. എന്നാൽ ഡ്രിഗ്രി പാസായില്ല. ബികോം പഠിക്കുമ്പോൾ 2019ൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.
ഡിഗ്രി തോറ്റ നിഖിൽ 2021ൽ എംഎസ്എം കോളജിൽ തന്നെ എംകോമിനു ചേർന്നു. 2019-21 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഒരേ സമയത്ത് രണ്ട് യൂണിവേഴ്സിറ്റിക്കു കീഴിൽ എങ്ങനെ പഠിക്കുമെന്നതാണ് സംശയമായത്.
പിന്നാലെയാണ് സിപിഎം വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പട്ടപ്പോൾ സർവകലാശാലയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാദമാണ് നിഖിൽ പറഞ്ഞത്. ഇതോടെയാണ് പാർട്ടി നടപടി.