Pravasimalayaly

ബിജെപിക്കുള്ള ഏറ്റവും മികച്ച മറുപടിയാണ് കാലാ; രജനിക്ക് മാത്രമേ ഇതിന് സാധിക്കൂ; കാലാ റിവ്യൂ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമത്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷമുള്ള രജനിയുടെ ആദ്യ ചിത്രം നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നത് ആരാധകരും രാഷ്ട്രീയ നേതാക്കളും ഏറെ നാളായി കാത്തിരുന്ന കാര്യമാണ്. അവര്‍ക്കുള്ള കൃത്യമായ മറുപടികളാണ് ‘കാലാ’യില്‍ ഉള്ളതെന്നും സിനിമയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ആരാണു പറഞ്ഞത് രജനികാന്ത് ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന്? അവര്‍ക്കുള്ള ഏറ്റവും മികച്ച മറുപടിയാണ് ‘കാലാ’. രജനികാന്തിനു മാത്രമേ ഒരു സിനിമയിലൂടെ ബിജെപിക്ക് ഇങ്ങനെയൊരു സന്ദേശം നല്‍കാനാകുകയുള്ളൂ… അതും സിനിമയുടെ ഓരോ ഫ്രെയിമിലൂടെയും…’ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്ന ‘കാലാ റിവ്യൂ’ ഹാഷ്ടാഗില്‍ വന്ന ട്വീറ്റുകളിലൊന്നാണിത്.

പാവപ്പെട്ടവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും നേരെയുള്ള വെല്ലുവിളിയായാണു ചിത്രം പാ രഞ്ജിത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജെല്ലിക്കെട്ടു മാത്രമല്ല തമിഴ്‌നാട്ടിലെ പല സമരങ്ങളുടെയും അംശം വിടാതെ ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. തൂത്തുക്കുടിക്കു സമാനമായ സമരത്തില്‍ പോലും തന്റെ നിലപാടെന്താണെന്നു രജനീകാന്ത് ‘കാലാ’യിലൂടെ വ്യക്തമാക്കുന്നതായും ആരാധകര്‍ പറയുന്നു.

സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ നടത്തിയ സമരത്തില്‍ ജനം സംയമനം പാലിക്കേണ്ടതായിരുന്നു എന്ന തരത്തില്‍ പരാമര്‍ശം അടുത്തിടെ രജനീകാന്ത് നടത്തിയിരുന്നു. തൂത്തുക്കുടി സന്ദര്‍ശനവേളയിലായിരുന്നു അത്. ‘പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം. ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണം. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും’-രജനീകാന്തിന്റെ ഈ വാക്കുകളാണ് വിവാദമായത്.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ വിമര്‍ശനങ്ങളും അതിന്റെ പേരില്‍ ഏറ്റുവാങ്ങേണ്ടി വന്നു. ‘കാലാ’യുടെ പ്രചാരണത്തിനു വേണ്ടിയായിരുന്നു രജനിയുടെ തൂത്തുക്കുടി സന്ദര്‍ശനം എന്നു വരെ ആരോപണമുയര്‍ന്നു. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പമാണു താനെന്ന സന്ദേശമാണു ‘കാലാ’ നല്‍കുന്നതെന്ന് ആദ്യ തിയേറ്റര്‍ റിവ്യൂകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ ആരാധകര്‍ക്ക് വേണ്ട ‘മാസ്’ വിഭവങ്ങള്‍ ചിത്രത്തില്‍ കുറവാണ്. രജനിയുടെ രാഷ്ട്രീയ നിലപാടാകട്ടെ കൃത്യമായിത്തന്നെ സിനിമയില്‍ പ്രതിഫലിക്കുന്നെന്നും നിരൂപകര്‍ പറയുന്നു. അതു രജനിയുടേതല്ല, സംവിധായകന്‍ പാ രഞ്ജിത്തിന്റേതാണെന്നും മറുപക്ഷമുണ്ട്. എന്നാല്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ അതോ ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ചേരുമോ എന്ന നിലപാട് ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ‘കാലാ’ പോലൊരു ചിത്രത്തിലൂടെ തന്റെ രാഷ്ട്രീയം വ്യക്തമാക്കാനുള്ള എല്ലാ ശ്രമവും രജനി നടത്തുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളതെന്നും നിരൂപകരുടെ വാക്കുകള്‍. ‘കബാലി’ പാ രഞ്ജിത്തിന്റെ ചിത്രം മാത്രമായിരുന്നെങ്കില്‍ ‘കാലാ’ തന്റെ കൂടി ചിത്രമാണെന്ന സ്‌റ്റൈല്‍ മന്നന്റെ വാക്കുകളിലും വ്യക്തം പുതിയ സിനിമയിലൂടെ രാഷ്ട്രീയത്തിലെ നിലപാടു പ്രഖ്യാപനം തന്നെയാണു ലക്ഷ്യമെന്ന്.

കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടമാണു ചിത്രം. കറുപ്പ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നിറമാണ്. വെളുപ്പ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും. ഇതാണു പാ രഞ്ജിത്ത് ചിത്രത്തിലൂടെ പറയുന്നത്. കര്‍ണാടകയിലെ മറാത്ത കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രജനീകാന്തിനു ‘ഭ്രഷ്ട്’ കല്‍പിച്ച നേതാക്കളുമുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ‘കാലാ’– മണ്ണിന്റെ മക്കള്‍ക്കൊപ്പം, കറുത്ത മക്കള്‍ക്കൊപ്പമാണ്, താനെന്നതു ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ മുതല്‍തന്നെ രജനി ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട്.

Exit mobile version