Pravasimalayaly

എറണാകുളം – അങ്കമാലി അതിരൂപതാ തർക്കം : ബിഷപ്പ് ഹൗസിൽ സമരം ചെയ്ത 6 വൈദികർക്ക് സസ്പെൻഷൻ

കുർബാന തർക്കം തുടരുന്ന സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം ചെയ്ത വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ആറു വൈദികരെ സസ്പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തി. സീറോ മലബാർ സഭ സിനഡിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.അതേസമയം സഭാ തർക്കത്തിലെ പൊലീസ് നടപടിയിൽ വിമതവിഭാഗം വൈദികർ ഡിജിപിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് 24 ന് ലഭിച്ചു. ബിഷപ്പ് ഹൗസിൽ ഇന്നലെ നടന്നുകൊണ്ടിരുന്ന വിവിധ വൈദികരുടെ പ്രാർത്ഥന യജ്ഞം പൊലീസ് ഇടപെട്ട് മുടക്കിയിരുന്നു.പൊലീസ് വൈദികരെ മർദ്ദിച്ചു എന്നും മുതിർന്ന വൈദികരെ പോലും വലിച്ചിഴച്ചു എന്നും ഡിജിപി ക്ക് അയച്ച പരാതിയിൽ പറയുന്നു. 21 വൈദികരും സംയുക്തമായാണ് പോലീസിനെതിരെ ഡിജിപിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്.ഇതിനിടെ പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ഫോണിൽ ചര്‍ച്ച നടത്തി. സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് കടത്തിവിട്ടു.

Exit mobile version