ബി.ജെ.പിയില്ലാത്ത ഭാരതമല്ല എനിക്കുവേണ്ടത്; എല്ലാതരം ശബ്ദങ്ങളും കേള്‍ക്കുന്ന രാജ്യമാണ്: രാഹുല്‍ ഗാന്ധി

0
28

ന്യൂദല്‍ഹി: ബി.ജെ.പിയില്ലാത്ത ഭാരതമല്ല തനിക്കുവേണ്ടതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ടെന്നതിനാലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.

ദേശീയതയെന്നതിനെക്കുറിച്ച് മോദിക്കും ബി.ജെ.പിക്കും വളരെ ഇടുങ്ങിയ ചിന്താഗതിയാണുള്ളത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് ബി.ജെ.പിയില്ലാത്ത ഭാരതമല്ല എനിക്കുവേണ്ടത്.’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘ഞാനവരോട് പൊരുതും, അവരെ പരാജയപ്പെടുത്തും. അതൊരു പ്രകടനമാണ്. എല്ലാതരം ശബ്ദങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. പക്ഷേ അക്രമമാണ് അതിന്റെ അതിര്‍വരമ്പ്. വിദ്വേഷമാണ് അതിന്റെ അതിര്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കാഴ്ചപ്പാടും ബി.ജെ.പിയുടെ അക്രമവും, വിദ്വേഷവും, ശത്രുതാമനോഭാവവുമാണ് എന്നെ ആശങ്കയിലാഴ്ത്തുന്നത്. ‘ എന്നാണ് അദ്ദേഹം പറഞ്ഞത്.

സമൂഹത്തെ ധ്രുവീകരിച്ചുകൊണ്ടാണ് യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജോലി നല്‍കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നൊക്കെ ഉറപ്പുനല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഈ മൂന്ന് കാര്യത്തിലും പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. പക്ഷേ നല്‍കിയത് കുറേ വാഗ്ദാനങ്ങള്‍ മാത്രം. ഒന്നും യാഥാര്‍ത്ഥ്യമായില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply