ലക്‌നൗ: യു.പിയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കുകയും നടപടിയെടുക്കാത്തതില്‍ യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെയാണ് യുവതിയും കുടുംബവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കുല്‍ദീപ് സിംഗും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്തെന്നും പൊലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞതായി ഇവര്‍ ആരോപിച്ചിരുന്നു.
‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ഓഫിസിലും ഞാന്‍ കയറി നടക്കുകയാണ്. ആരും എന്നെ കേള്‍ക്കുന്നില്ല. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.’ – യുവതി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ പോലും സഹായത്തിനായി സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി പറഞ്ഞിരുന്നു.
ഉന്നാവോയിലെ പ്രമുഖ ബി.ജെ.പി നേതാവാണ് കുല്‍ദീപ് സിങ് സെന്‍ഗര്‍. ബംഗാരമാവു നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയാണ് ഇയാള്‍. കുല്‍ദീപ് സിങ് സെന്‍ഗര്‍ തന്നെയും കുടുംബത്തെയും കൂട്ടക്കൊല നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞിരുന്നു.