Pravasimalayaly

ബീഫ് ഫെസ്റ്റ് നടത്തിയതിന് എം.എല്‍.എയെ തല്ലിയ ആര്‍.എസ്.എസ് നേതാവ് കശ്മീരിലെ ബി.ജെ.പിയുടെ പുതിയ തലവന്‍

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷനായി തീവ്രനിലപാടുകാരനായി അറിയപ്പെടുന്ന രവീന്ദര്‍ റെയ്‌നയെ ബി.ജെ.പി നിയമിച്ചു. പ്രസിഡന്റായിരുന്ന സത് ശര്‍മ്മ മന്ത്രിസഭയിലെത്തിയതോടെയാണ് ആര്‍.എസ്.എസുകാരനായ രവീന്ദറിനെ പകരക്കാരനായി തെരഞ്ഞെടുത്തത്.

2015ല്‍ സ്വതന്ത്ര എം.എല്‍.എയായിരുന്ന എന്‍ജിനീയര്‍ റാഷിദിനെ ബീഫ് ഫെസ്റ്റ് നടത്തിയതിന് രവീന്ദര്‍ റെയ്‌നയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. നിയമസഭയ്ക്കകത്ത് വെച്ചായിരുന്നു മര്‍ദ്ദനം, നിയമസഭയിലുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ എത്തിയായിരുന്നു എന്‍ജിനീയര്‍ റാഷിദിനെരക്ഷപ്പെടുത്തിയത്.

രജൗരി ജില്ലയിലെ നൗഷീറ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രവീന്ദര്‍ റെയ്‌ന. എം.എല്‍.എയായി ചുമതലയെടുക്കുമ്പോള്‍ ‘വൈഷ്ണവ മാതാ ദേവി’യുടെ പേരില്‍ സത്യപ്രതിജ്ഞയെടുത്ത റെയ്‌നയെക്കൊണ്ട് സ്പീക്കര്‍ ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന റെയ്‌ന 2008ലെ അമര്‍നാഥ് ഭൂമി വിവാദത്തിലൂടെ പ്രശസ്തനായ നേതാവാണ്. ബി.ജെ.പി കഴിഞ്ഞ ദിവസം ആന്ധ്രാ അദ്ധ്യക്ഷനായി കന്ന ലക്ഷ്മി നാരായണയെയും തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് കന്ന ലക്ഷ്മി നാരായണ.

Exit mobile version