ബ്രിട്ടനിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച് മരിച്ച 39 ചൈനീസ് കുടിയേറ്റക്കാരും നേരിട്ടിരിക്കുക അതിദാരുണമായ അന്ത്യമെന്ന് റിപ്പോര്‍ട്ട്. ലോറിയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവര്‍ 5000 മൈല്‍ ശുദ്ധവായു പോലും ലഭിക്കാത്ത നിലയില്‍ യാത്ര ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. തണുത്തുറഞ്ഞ ട്രെയിലറില്‍ ദിവസങ്ങളോളം ഈ അവസ്ഥ കടന്നെത്തിയ ആ ആത്മാക്കള്‍ ഒടുവില്‍ ഇഹലോകവാസം തന്നെ വെടിഞ്ഞു.
ഇരുമ്പ് കണ്ടെയ്‌നറില്‍ കുടുങ്ങിയ കുടിയേറ്റക്കാര്‍ തണുത്തുറഞ്ഞോ, ശ്വാസം കിട്ടാതെയോ ആണ് മരണപ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.49ന് സീറുഗിയില്‍ കണ്ടെയ്‌നര്‍ എത്തിയപ്പോള്‍ സീല്‍ ചെയ്ത നിലയിലായിരുന്നുവെന്ന് ബെല്‍ജിയം അധികൃതര്‍ വ്യക്തമാക്കി. ഇതിനര്‍ത്ഥം കുടിയേറ്റക്കാര്‍ ദിവസങ്ങളായി ഇതിനകത്ത് കുടുങ്ങിയെന്നാണ്. കണ്ടെയ്‌നറിന്റെ വാതില്‍ തുറന്ന ഡ്രൈവര്‍ മോറിസ് മോ റോബിന്‍സണ്‍ മൃതദേഹങ്ങള്‍ കണ്ട് തലകറങ്ങി വീഴുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യാന്‍ 24 മണിക്കൂര്‍ കൂടി പോലീസിന് അനുവദിച്ചിട്ടുണ്ട്.
എസെക്‌സ് പോലീസ് സ്‌റ്റേഷനില്‍ ഈ 25കാരന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. താന്‍ ഓടിച്ച ട്രെയിലറില്‍ കയറ്റിയ കണ്ടെയ്‌നറിനുള്ളില്‍ 31 പുരുഷന്‍മാരും, എട്ട് സ്ത്രീകളും ഉണ്ടായിരുന്ന വിവരം ഇയാള്‍ക്ക് അറിവുണ്ടായിരുന്നോ എന്നറിയാനാണ് പോലീസ് ചോദ്യം ചെയ്യല്‍ തുടരുന്നത്. വംശീയ വിരുദ്ധ പ്രചരണക്കാര്‍ സംഭവത്തില്‍ ലണ്ടനിലും, ബെല്‍ഫാസ്റ്റിലും വിജില്‍ ആചരിച്ചു. പരിശോധന പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ചെംസ്‌ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ എത്തിച്ചു.
അതേസമയം എസെക്‌സിലെ പര്‍ഫ്‌ളീറ്റ് ഡോക്കില്‍ റെഫ്രിജറേഷന്‍ യൂണിറ്റിലെ പേപ്പര്‍വര്‍ക്ക് വാങ്ങാനാണ് റോബിന്‍സണ്‍ ട്രെയിലര്‍ നിര്‍ത്തിയതും, മൃതദേഹങ്ങള്‍ കാണുന്നതെന്നും ഇയാളുടെ സുഹൃത്ത് വെളിപ്പെടുത്തി. നോര്‍ത്തേണ്‍ അയര്‍ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിച്ച് വരുന്നത്, ഇതിനായി റെയ്ഡുകളും നടത്തുന്നുണ്ട്.