ലണ്ടൻ
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ആദ്യ മലയാളി മരണം.
ലണ്ടൻ: ഇംഗ്ലണ്ടിൽ കോവിഡ് 19 ബാധിച്ച് ആദ്യത്തെ മലയാളി മരിച്ചു. ക്രോയിഡൺ റെഡ് ഹില്ലിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ആണ് ഇന്ന് രാവിലെ അകാലത്തിൽ വിട പറഞ്ഞത്.
കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനുശേഷം ഏഴു ദിവസം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ രോഗം കുറയാതെ വന്ന സാഹചര്യത്തിൽ പത്തു ദിവസം മുൻപ് സിന്റോയെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്പം മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി സിന്റോ യാത്രയാവുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായിരുന്ന സിന്റോയുടെ വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുകെയിലെ മലയാളി സമൂഹം.
നഴ്‌സാണെങ്കിലും ക്രോയിഡോണിൽ ഹെൽത്ത്കെയർ വർക്കറായിജോലി ചെയ്തു വരികയായിരുന്നു സിന്റോ. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്.
സിന്റോയുടെ അകാല നിര്യാണത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പ്രവാസി മലയാളിയും പങ്കു ചേരുന്നു