ലണ്ടൻ
കോവിഡ് 19 ബ്രിട്ടനിൽ ദുരന്തഭീതി നിലനിർത്തി മരണസംഖ്യ 19506 ൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത് 768 പേരാണ്. ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 20000 എന്ന മരണസംഖ്യയിൽ എത്താൻ മണിക്കൂറുകൾ മാത്രം മതി. ദിവസേന ശരാശരി 4000 പേരാണ് രോഗബാധിതരാവുന്നത്. നിലവിലുള്ള രോഗികൾ ഒന്നര ലക്ഷത്തോട് അടുക്കുന്നു. ഔദ്യോഗിക കണക്കിൽ പെടാത്ത ആയിരത്തിലധികം മരണവും രോഗികളുടെ എണ്ണവും ബ്രിട്ടനെ ദുരവസ്‌ഥയിൽ എത്തിയ്ക്കുന്നു.
ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിയ്ക്കുന്നത് സാധാരണ സംഭവം പോലെ ആയിരിക്കുന്നു. 121 പേരാണ് ഇതുവരെ ആരോഗ്യ മേഖലയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള രെജിസ്ട്രേഷൻ സംവിധാനം പാളി. 10 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകരുടെ രെജിസ്ട്രേഷൻ കൂട്ടത്തോടെ വന്നതാണ് വെബ്സൈറ്റ് തകരാറിലാക്കിയത്.
കെട്ടിട നിർമ്മാണം, കാർ നിർമ്മാണം, ഫാമുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിയ്ക്കാൻ അനുമതി നൽകി. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഔദ്യോഗിക പ്രവർത്തനങ്ങളിലേക്ക് ഉടൻ തിരികെ എത്തുമെന്നാണ് സൂചനകൾ