Pravasimalayaly

ബ്രിട്ടന് “തേപ്പ്” കിട്ടിയോ?

ലണ്ടൻ

20 ദശലക്ഷം പൗണ്ട് നൽകി ചൈനയിൽ നിന്നും ബ്രിട്ടൻ വാങ്ങിയ കോവിഡ് പരിശോധന കിറ്റുകൾ കൃത്യമായ പരിശോധന ഫലം നൽകിയില്ല. സാങ്കേതിക വിദ്യ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ ഉപകരണങ്ങളിൽ നിന്ന് എടുത്ത ഫലങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുഴുവൻ പാളിയ ദുരവസ്‌ഥയാണുള്ളത്.

ഓൾബെസ്റ്റ് ബയോടെക്ക്, വോണ്ട്ഫോ ബയോ ടെക് എന്നീ കമ്പനികളിൽ നിന്നുമാണ് യൂറോപ്യൻ യൂണിയന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുവെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ കിറ്റിനായി രംഗത്ത് എത്തിയെന്ന വാർത്ത പരന്നതോടെ ബ്രിട്ടീഷ് അധികൃതർ മുൻകൂട്ടലുകൾ ഇല്ലാതെ കിറ്റുകൾ വാങ്ങി കൂട്ടുകയായിരുന്നു. ഈ കിറ്റുകൾ വഴി നിർണ്ണയിച്ച ഫലങ്ങൾ തെറ്റാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയാണ് കണ്ടെത്തിയത്. റിപ്പോർട് വന്നതോടെ കിറ്റുകളെ പറ്റി ഊതിപ്പെരുപ്പിച്ച വാർത്തകൾ വിട്ടത് ബ്രിട്ടീഷ് അധികൃതർ ആണെന്നും നിലവിൽ കൊറോണ സ്‌ഥിരീകരിച്ചവരെ സഹായിക്കുവാൻ ഉള്ളതാണ് കിറ്റെന്നും ഉള്ള മറുവാദം ഉന്നയിച്ച് ചൈനീസ് കമ്പനികളും രംഗത്ത് എത്തി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി ആരോപണം കേട്ട സർക്കാർ ഈ സംഭവത്തോട് കൂടി കൂടുതൽ പ്രതിരോധത്തിലായി. ഒരു ഗർഭ പരിശോധന നടത്തുന്ന അത്രയും എളുപ്പമാണ് കോവിഡ് പരിശോധന എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആദ്യം പ്രതികരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ചൈനീസ് കമ്പനികളിൽ നിന്നും പകുതി പണം എങ്കിലും തിരികെ വാങ്ങുവാനുള്ള ശ്രമത്തിലാണ് സർക്കാർ. ദിനംപ്രതി എണ്ണൂറിലധികം ആളുകളാണ് ഇപ്പോളും കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിച്ചുവീഴുന്നത്.

Exit mobile version