മാമല്ലപുരം: ചെന്നൈ ഉച്ചകോടി ഇന്ത്യ – ചൈന ബന്ധത്തിൽ സഹകരണത്തിന്റെ പുതിയൊരു യുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറുകളോളം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചെന്നൈ ഉച്ചകോടിയോടെ പരസ്പര ബന്ധത്തിൽ പുതിയൊരു അദ്ധ്യായം തുറക്കും. ഇരു രാജ്യങ്ങളുടെയും ആശങ്കകൾ പരസ്പരം മനസിലാക്കി, അഭിപ്രായ വ്യത്യാസങ്ങൾ തർക്കമായി വളരാതെ കൈകാര്യം ചെയ്യും – മോദി പറഞ്ഞു.
ഇന്നലെ താജ് ഫിഷർമാൻ ആൽക്കോവ് റിസോർട്ടിൽ നടന്ന ചർച്ചയിൽ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഭീകരപ്രവർത്തനത്തെ ഒരുമിച്ച് നേരിടാനും ഇരുനേതാക്കളും തീരുമാനിച്ചു. ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഭീകരപ്രവർത്തനവും നിർബന്ധിത ആശയ പരിവർത്തനവും ഉയർത്തുന്ന വെല്ലുവിളികളും സംയുക്തമായി നേരിടും.
ഉച്ചകോടിയിൽ കാശ്മീർ പ്രശ്നം ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉഭയകക്ഷി വ്യാപാരകമ്മി പരിഹരിക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനും ഉന്നതതല സംവിധാനം കൊണ്ടുവരാനും ധാരണയായി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിക്കുമായിരിക്കും ഇതിന്റെ ചുമതല. പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം ശക്തമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനമായി. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈന സന്ദർശിക്കും.
അനൗപചാരിക ഉച്ചകോടി തുടരാനും തീരുമാനിച്ചു. അടുത്തവർഷം ചൈനയിൽ നടത്തുന്ന ഉച്ചകോടിക്ക് മോദിയെ പ്രസിഡന്റ് ഷി ജിൻ പിംഗ് ക്ഷണിച്ചു. മോദി ക്ഷണം സ്വീകരിച്ചു. തീയതികൾ തീരുമാനിച്ചിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തിന്റെ എഴുപതാം വാർഷികമായ അടുത്ത വർഷം വിശാലമായ സാംസ്കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ജിൻപിംഗ് നിർദ്ദേശിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാൻ ശക്തമായ നടപടികൾ എടുക്കാമെന്ന് ഷി ജിൻ പിംഗ് പറഞ്ഞു. പ്രാദേശിക സാമ്പത്തിക സഹകരണത്തിൽ ഇന്ത്യയുടെ ആശങ്കകൾ ചർച്ച ചെയ്യാനും പ്രതിരോധ സഹകരണം ശക്തമാക്കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ചൈനീസ് വ്യവസായങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതും ചർച്ച ചെയ്തു.