മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു. കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങിയിരുന്നു.കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ (29) അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 2020ൽ യുഎപിഎ കേസിൽ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.