Pravasimalayaly

മകനെ രക്ഷിക്കാൻ ഉറക്കമിളച്ച് തുണിസഞ്ചി തുന്നി ഒരമ്മ: കുഞ്ഞിന്റെ ജീവനായി കേണ് തമിഴകം

തിരുച്ചിറപ്പള്ളി : ആരും തളർന്നുപോകുന്ന അവസരത്തിലും തളരാതെ പിടിച്ചുനിൽക്കുകയാണ് കുഴൽക്കിണറിൽ അകപ്പെട്ട തമിഴ് ബാലൻ സുജിത്തിന്റെ അമ്മ കലൈറാണി. 38 മണിക്കൂറിൽ ഏറെയായി കുഴൽക്കിണറിനുള്ളിൽ കുടുങ്ങികിടക്കുന്ന തന്റെ മകനെ രക്ഷിക്കാൻ തനിക്ക് ആവതെല്ലാം ചെയ്യാൻ തയാറാണ് കലൈറാണി. ഇന്ന് പുലർച്ചയോടെ പ്രതികരിക്കാതായ കുട്ടിയോട് കലൈറാണിയും ഭർത്താവ് മൈക്ക് ഉപയോഗിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെയാണ് ഒരാൾ കുട്ടിയെ പൊക്കിയെടുക്കാൻ തുണി സഞ്ചി ഉപയോഗപ്പെടുത്താമെന്ന് പറയുന്നത്. എന്നാൽ അതിരാവിലെ തുണി സഞ്ചി കിട്ടാതെ വന്നപ്പോൾ താൻ അത് ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് കലൈറാണി ആ ജോലി ഏറ്റെടുത്തു. തന്റെ മകനെ ഏത് വിധേനയും രക്ഷിക്കാനായി തുണി സഞ്ചി തുന്നുന്ന ഈ അമ്മയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകനായ ജയകുമാർ മദാലയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ തയ്യൽ മെഷീനിന് മുൻപിൽ പുറം തിരിഞ്ഞിരുന്ന് തുന്നിസഞ്ചി തുന്നുന്ന കലൈറാണിയാണ് ഈ ചിത്രത്തിലുള്ളത്

ഇപ്പോൾ കുട്ടിയെ പുറത്തെടുക്കാനായി കുഴൽകിണറിനു സമാന്തരമായി ഒരു തുരങ്കം നിർമിക്കുകയാണ് ദുരന്ത നിവാരണ സേന. ഒ.എൻ.ജി.സിയിൽ നിന്നുമുള്ള റിഗ് റിംഗ് യന്ത്രം ഉപയോഗിച്ച് 110 മീറ്റർ ആഴമുള്ള കുഴിയെടുക്കാനാണ് സേന ശ്രമിക്കുന്നത്. എന്നാൽ കുട്ടിക്ക് ഒരു രീതിയിലും അപകടം സംഭവിക്കാതിരിക്കാൻ വളരെ പതുക്കെയാണ് ഇത് ചെയ്യുന്നത്. കുഴിയെടുത്ത ശേഷം സേനാ ഉദ്യോഗസ്ഥൻ അതിലേക്കിറങ്ങി കുട്ടിയെ രക്ഷപെടുത്താനാണ് പദ്ധതി. അച്ഛന്റെ കൃഷിയിടത്തിലുള്ള ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിന്റെ അടുത്ത് കളിക്കുമ്പോഴാണ് സുജിത് കാൽ വഴുതി അതിലേക്ക് വീണത്.

Exit mobile version