Pravasimalayaly

മണിപ്പൂരില്‍ പുതിയ സര്‍ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്‍ണര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഡല്‍ഹിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണോ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും.

മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജി സ്വീകരിച്ച ഗവര്‍ണര്‍ നിയമസഭ മരവിപ്പിച്ചിട്ടുണ്ട്. സഭ സമ്മേളനം ഇന്നു മുതല്‍ ആരംഭിക്കാനിരിക്കെയാണ് ഇന്നലെ നാടകീയ സംഭവ വികാസങ്ങള്‍ ഉണ്ടായത്. കാവല്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിങിനോട് തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ സഖ്യകക്ഷിയായ എന്‍പിപി അടക്കമുള്ളവരുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

പുതിയ മുഖ്യമന്ത്രി മെയ്തി വിഭാഗത്തില്‍ നിന്നാകുമെന്നാണ് സൂചന. സ്പീക്കര്‍ സത്യപ്രത സിങ്, ബിജെപി സംസ്ഥാന അദ്യക്ഷ ശര്‍ദ ദേവി, മന്ത്രി യുനാം ഖേംചന്ദ് സിങ് തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഉടന്‍ തന്നെ എംഎല്‍എമാരുടെ യോഗം ബിജെപി വിളിച്ചേക്കും.

Exit mobile version