Pravasimalayaly

മണിപ്പൂർ വിഷയം; കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ചയെന്ന് അമിത് ഷാ

സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി- മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സാഹചര്യങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും അമിത് ഷാ തിങ്കളാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽനിന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് വിട്ടുനിന്നു. സംസ്ഥാന ഉപദേഷ്ടാവ് കുൽദീപ് സിംഗ്, ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്. 

മണിപ്പുരിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമാധാന ശ്രമങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായുള്ള ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കും. സുരക്ഷാസേന കൂടുതൽ കാര്യക്ഷമതയോടെയും തന്ത്രപരമായും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തണം. സംഘർഷ ബാധിതരെ പുനഃരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version