Pravasimalayaly

മത്സരച്ചൂടിൽ പറ്റിപ്പോയത്; ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ്, ഒന്നിച്ച് ശക്തമായി തിരിച്ചുവരുമെന്ന് ഇവാൻ വുക്കൊമനോവിച്ച്

കൊച്ചി; ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ക്ഷമാപണം നടത്തിയത്. വിലക്കും വൻ തുക പിഴയും ശിക്ഷയായി ലഭിക്കുമെന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഭീഷണിക്കു മുന്നിലാണ് ആശാനും പിള്ളേരും അടിയറവു പറഞ്ഞത്. 

നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീം വിശദമാക്കി. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചും ക്ഷമാപണം നടത്തി. ഒരുമയോടെ കൂടുതല്‍ ശക്തരായി തിരികെ വരുമെന്നും നെനെഗറ്റീവ് സാഹചര്യങ്ങളില്‍ കുടുങ്ങിയതിന് ക്ഷമാപണം നടത്തുന്നതായും അദ്ദേഹം കുറിച്ചു. 

നേരത്തെ, മത്സരം പൂർത്തിയാക്കാതെ കളംവിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ 4 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താൻ എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിക്കുകയും ചെയ്തു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണമെന്നും വ്യക്തമാക്കിയിരുന്നു. 10 മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം പിഴയുമാണ് കോച്ചിന് വിധിച്ചത്. മാപ്പു പറഞ്ഞില്ലെങ്കിൽ പിഴ ഇരട്ടിയാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് മാസങ്ങൾ നീണ്ട വിവാദം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ക്ഷമാപണം നടത്തിയത്. 

കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെയായിരുന്നു തിരിച്ചുവിളിക്കൽ. 

Exit mobile version