Pravasimalayaly

മത്സരത്തിനിടെ ധോണിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ആരാധിക

വിവാഹത്തിന് ശേഷവും നിരവധി ആരാധികമാരുള്ള താരമാണ് എം.എസ് ധോണി. ഇപ്പോഴിതാ ഐപിഎല്ലിലെ ചെന്നൈയുടെ മത്സരത്തിനിടെ ധോണിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുളള മല്‍സരത്തിനിടെയായിരുന്നു സംഭവം.

കാണികള്‍ക്കിടയില്‍ ഒരു പ്ലക്കാര്‍ഡും കയ്യില്‍ പിടിച്ച് എഴുന്നേറ്റുനില്‍ക്കുകയായിരുന്നു ചെന്നൈ ആരാധിക. ക്യാമറക്കണ്ണുക്ള്‍ പെട്ടെന്ന് ഈ പെണ്‍കുട്ടിയുടെ നേര്‍ക്ക് തിരിയുകയും എല്ലാവരുടേയും ശ്രദ്ധ അവളിലേക്ക് എത്തുകയും ചെയ്തു.

പ്ലക്കാര്‍ഡില്‍ പെണ്‍കുട്ടി എഴുതിയിരുന്ന വാചകമായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. ‘ഭാവി വരന് മാപ്പ്, എം.എസ്.ധോണിയാണ് എന്റെ ആദ്യ കാമുകന്‍. ഐ ലവ് യൂ മാഹി’ ഇതായിരുന്നു പെണ്‍കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. പ്ലക്കാര്‍ഡും കൈയ്യില്‍ പിടിച്ച് പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം ഐസിസി അവരുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എംഎസ്.ധോണിയോട് ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മല്‍സരത്തിനിടയില്‍ ബാറ്റിങ്ങിനായി മൈതാനത്ത് എത്തിയ ധോണിയുടെ കാലില്‍ ആരാധകന്‍ തൊട്ട് തൊഴുന്നതിന്റെ വീഡിയോ വൈറലായിരുന്നു. കാലില്‍ വീണ ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് കുറച്ചു നിമിഷം സംസാരിച്ച ശേഷമാണ് ധോണി മടക്കി അയച്ചത്.

Exit mobile version