Pravasimalayaly

മദനിക്ക് തിരിച്ചടി; അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സുരക്ഷയുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അകമ്പടി ചെലവായി മാസം 20 ലക്ഷം രൂപ വീതമാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.ഇത് അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതി നടപടി.

അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും മദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സംഘം കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version