Pravasimalayaly

മദ്യാസക്തി ഉള്ളവർക്ക് മദ്യം ലഭ്യമാക്കും : നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് ഇറങ്ങി

സംസ്‌ഥാനത്ത്‌ മദ്യാസക്തി മൂലം ആത്മഹത്യകൾ തുടരുന്നതിനാൽ മദ്യാസക്തി ഉള്ളവർക്ക്മദ്യം ലഭ്യമാക്കുവാനുള്ള ഉത്തരവ് ഇറങ്ങി. വിവിധ നിർദ്ദേശങ്ങളോടെയാണ് ഉത്തരവ് ഇറങ്ങിയത്.

ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി–എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി–സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. ∙ പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൾക്കഹോൾ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം.

ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്–സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം.

∙ ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം.

പാസിൻറെ വിവരം ബവ്റിജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം.

∙ മദ്യം നൽകുന്നതിന് ബവ്റിജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട്ലെറ്റുകൾ തുറക്കരുത്.

∙ പാസിൻറെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിൻറെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം.

∙ എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

Exit mobile version