Pravasimalayaly

മദ്യ ഉപയോഗം കുറയ്ക്കുകയാണ് പാര്‍ട്ടി നയമെന്ന് യെച്ചൂരി

 

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞതിതാണ്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച് അറിയില്ല. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ എല്ലാ ത്രി സ്റ്റാര്‍ ബാറുകളും തുറക്കാമെന്ന സര്‍ക്കാര്‍ തീരുമനത്തിനെ തള്ളിയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് പരസ്യമാക്കിയത്.

നേരത്തെ ഇടതു സര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത് എത്തിയിരുന്നു. ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കുമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കിയിരുന്നു. പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥ വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ്. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമുറ്റുകയാണ്. ഇതു ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ചെങ്ങന്നൂരില്‍ കാണാമെന്ന് കത്തോലിക്കാ സഭ ഇടതു പക്ഷത്തെ വെല്ലുവിളിച്ചു. സര്‍ക്കാരിന് ധാര്‍മ്മികതയില്ല. മദ്യക്കച്ചവടം തിരിച്ചു കൊണ്ടുവന്നത് സിപിഐയുടെ സമ്മര്‍ദം കാരണമാണ്. ഏപ്രില്‍ രണ്ടിന് സഭ പ്രക്ഷോഭം നടത്തുമെന്നും ബിഷപ്പ് റെമിജിയോസ് വ്യക്തമാക്കി.

Exit mobile version