Pravasimalayaly

മദ്യ വിൽപ്പന കുറഞ്ഞു; വരുമാന നഷ്ടത്തിൽ മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ 

കൊച്ചി: മദ്യ വരുമാനത്തിൽ കുറവു സംഭവിച്ചതിൽ ഔട്ട്ലെറ്റ് മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജർമാരോടാണ് ബിവറേജസ് കോർപറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജർമാരുടെ മേൽനോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷൻസ് വിഭാ​ഗം ജനറൽ മാനേജർ നൽകിയ നോട്ടീസിൽ പറയുന്നു. 

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂർ, തൃപ്പൂണിത്തുറ വെയർഹൈസുകൾക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വിൽപ്പനയിൽ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജർമാർ വിശദീകരണം നൽകണമെന്നു നോട്ടീസിൽ പറയുന്നു. 

ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയർഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാർ, ചിന്നക്കനാൽ, പൂപ്പാറ, മൂലമറ്റം, കോവി‍ൽക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വിൽപ്പന. 

സംസ്ഥാനത്തെ മൊത്തം കണക്കെടുത്താൽ കൊട്ടാരക്കര വെയർഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷൻ. മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളിൽ വരുമാനം കുറഞ്ഞതും കോർപറേഷനു തിരിച്ചടിയായി.

Exit mobile version