Pravasimalayaly

മനസും ശരീരവും കുളിര്‍ക്കാന്‍ ഊഞ്ഞാപ്പാറയാ ബെസ്റ്റ് ( വീഡിയോ)

രഹന ഗോപിനാഥ്‌

വിശ്വവിഖ്യാത നോവലായ ആല്‍ക്കമിസ്റ്റിലെ നായകന്‍ സാന്റിയാഗോ തന്റെ കണ്‍മുന്നിലെ നിധി കാണാതെ അലഞ്ഞു തിരിഞ്ഞപോലെയാണ് നമ്മളും.പലപ്പോഴും കണ്‍മുന്നിലെ സ്വര്‍ഗ്ഗം കാണാതെ പോകുന്നു,ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു.അങ്ങനെ ഒടുവില്‍ കണ്ടെത്തിയ സ്വര്‍ഗ്ഗമാണ് ഊഞ്ഞാപ്പാറ.

അരമണിക്കൂര്‍ യാത്രയില്‍ എത്താന്‍ കഴിയുന്ന ഈ മനോഹര സ്ഥലത്ത് എത്താന്‍ വൈകിയതിലുള്ള വിഷമത്തോടെയാണ് ഇതെഴുതുന്നത്. കോതമംഗലത്തുനിന്ന് എഴുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളു . മനോഹരമായ കോതമംഗലം തട്ടേകാടു റോഡില്‍ നേരേപോന്ന് കീരംപാറ കഴിഞ്ഞ് 1 കിലോ മീറ്റര്‍ മുന്നോട്ട് വരുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല്‍ നാടുകാണി പോകുന്ന മെയിന്‍ വഴി കാണം. ആ വഴിയെ 100 മീറ്റര്‍ ചെന്നാല്‍ ഊഞ്ഞാപ്പാറയെത്തി .ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന അക്യുഡേറ്റാണ് ഊഞ്ഞാപ്പാറയിലെ നായകന്‍ .എകദേശം 400 മീറ്ററില്‍ താഴെ നീളമുള്ള ഈ അക്യുഡേറ്റ് ആണ് ഊഞ്ഞാപ്പാറയുടെ ടൂറിസത്തെ മാറ്റിമറച്ചിരിക്കുന്നത്.കുറച്ച് വര്‍ഷങ്ങളായി ഈ അക്വോഡെക് ഇവിടെ ഉണ്ടായിരുന്നെങ്കിലും സംഗതി ഫെയ്മസ് ആയത് സോഷ്യല്‍ മീഡിയയുടെ കാലത്താണ്. ഒരു വീക്കന്‍ഡ് ഡെസ്റ്റിനേഷന്‍ പോലെ കേരളത്തിന്റ വടക്കേ അറ്റമായ കാസര്‍ഗോഡ് നിന്നും തെക്കേ അറ്റമായ തിരുവനന്തപുരുത്തുനിന്നുവരേ ആളുകള്‍ കുളിച്ച് ഉല്ലസിക്കാനായി ഇവിടെ എത്തുന്നു.


കണ്ണുനീര്‍ നിറമുള്ള തണുപ്പോടുകൂടിയ കലര്‍പ്പില്ലാത്ത വെള്ളമാണ് എണ്ണമില്ലാത്ത ആളുകളെ ഇങ്ങോട് അടുപ്പിക്കുന്ന ്രപധാന ഘടകം.മനസ്സും,ശരീരവും ഒരുപോലെ കുളിര്‍ക്കാന്‍ എന്ന ഒരറ്റ ഉദ്ദേശത്തോടെയാണ് ആളുകള്‍ ഇത്രയും ദൂരത്തുനിന്നുപോലും ഇവിടേക്ക് എത്തുന്നത്. വിദൂരത്തില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുമ്പോഴും തൊട്ടടുത്ത സ്ഥലങ്ങളിലുള്ളവര്‍ ഊഞ്ഞാപ്പറയില്‍ എത്തിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.


ഊഞ്ഞാപ്പാറ തുറന്നിടുന്നത് കോതമംഗലം പോലുള്ള കൊച്ചുസ്ഥങ്ങളുടെ ടൂറിസം സാധ്യതകളെയാണ്. അക്യുഡേറ്റ് സ്ഥിതിചെയ്യുന്ന റോഡുകള്‍ക്കരികില്‍ ലഘുപാനിയങ്ങള്‍ കിട്ടുന്ന കടകള്‍ ദിവസവും കൂണുപോലെ മുളക്കുന്നത് തെളിയിക്കുന്നത് ഇതിന്റെ വിപുലമായ ടൂറിസം സാധ്യതകളെയാണ്.
പ്രദേശവാസികള്‍ ഇരുകൈകളും നീട്ടി ഊഞ്ഞാപ്പാറയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും,ചില പ്രശ്നങ്ങള്‍ അവരെ അലട്ടുന്നുണ്ടെന്നുള്ളത് സത്യമാണ്. അപ്പോ വരുന്നവരെല്ലാം സ്വന്തം നാടുപോലെ ഊഞ്ഞാപ്പാറ സ്നേഹിക്കുക. ഊഞ്ഞാപ്പാറയെപ്പറ്റിയുള്ള വിശദമായ വീഡിയോ ഇതിനൊപ്പം ചേര്‍ക്കുന്നു.

Exit mobile version