ജൂലൈ 27ന് ചേരാന്‍ നിശ്ചയിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം കോവിഡ് മഹാമാരിയുടെ സ്ഥിതി കൂടുതല്‍ രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
2020-21ലെ ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കാന്‍ നേരത്തെ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിയമസഭ ചേരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പല നിയമസഭാംഗങ്ങളും പ്രായം കൂടിയവരാണ് എന്നതു കൂടി കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുക. അതിന്‍റെ നടത്തിപ്പ് കുടുംബശ്രീയെയോ മറ്റ് ഏജന്‍സികളെയോ ഏല്‍പ്പിക്കും. ഷീ ലോഡ്ജുകള്‍ക്ക് ആവശ്യമായ കെട്ടിടം നിര്‍മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്താവുന്നതാണ്. ഷീ ലോഡ്ജുകളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജന്‍സിയും തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കും.
ഷീ ലോഡ്ജുകളില്‍ കുറഞ്ഞത് എട്ട് കിടക്കയെങ്കിലും ഉണ്ടാകണം. ഡോര്‍മിറ്ററികളോ പ്രത്യേക മുറികളോ ആകാം. ശുചിമുറികള്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള അടുക്കള, ശുദ്ധജലം, ടിവി, ഫ്രിഡ്ജ്, വൈഫൈ മുതലായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. എല്ലാ സ്ഥലവും കവര്‍ ചെയ്യുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.
ജില്ലാതലത്തില്‍ ഷീ ലോഡ്ജിന്‍റെ നടത്തിപ്പിന് ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, തദ്ദേശസ്ഥാപന സെക്രട്ടറി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും.
നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറയില്‍ 2019ലെ ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 67 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4.02 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപ ലഭിക്കും.
ആകെയുള്ള 94 ഗുണഭോക്താക്കള്‍ക്കും വീടു നിര്‍മാണത്തിന് 3.76 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. ഓരോ ഗുണഭോക്താവിനും നാലുലക്ഷം രൂപയാണ് വീടു നിര്‍മാണത്തിന് അനുവദിക്കുക. ഇതില്‍ 3,04,900 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 95,100 രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുമാണ് ലഭ്യമാക്കുക.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ 2015-ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് 2018-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിവന്ന സബ് ഇന്‍സ്പെക്ടര്‍ കെ.എം. രാജന്‍റെ മകന്‍ കെ.എം. സന്ദീപിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിഷയം അസാധാരണ കേസായി പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് രാജന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം ഇപ്പോഴും കിടപ്പിലാണ്.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ എസ്. സുബ്രഹ്മണ്യനെ (2001 ബാച്ച്) സോയില്‍ സര്‍വെ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ഡയറക്ടറായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.