കൊച്ചി:കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യക്ക് നിയമനം. ഓരോ കോഴ്സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം.
മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടര്‍ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നളജിആന്റ് ടീച്ചേഴ്സ്എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതിമാസം 35000 രൂപശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
നിലവില്‍ ഓരോ കോഴ്സിനും സര്‍വ്വകലാശാലക്ക് കീഴിലെ ഓരോ പ്രൊഫസര്‍മാരായിരുന്നു ഡയറക്ടര്‍. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.
പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെ. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. ഡയറക്ടര്‍ തസ്തികയുടെ യോഗ്യത വിരമിച്ചവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ത് കൊണ്ടെന്ന് സര്‍വ്വകലാശാല വ്യക്തമായ മറുപടി നല്‍കുന്നില്ല.